കോഴിക്കോട് ജില്ലയിൽ ഒരു കുട്ടിക്ക് കൂടി അമിബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചതോടെ ജില്ലയിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.വൃത്തിയില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുതെന്നും നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദ്ദേശം. അതേസമയം രോഗം സ്ഥിരീകരിച്ച 14 വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.
ഇന്നലെയാണ് പയ്യോളി സ്വദേശിയായ 14 വയസ്സുകാരന് രോഗം സ്ഥിരീകരിക്കുന്നത്. അഞ്ചു ദിവസം മുൻപേ തന്നെ രോഗലക്ഷണങ്ങളുമായി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കീഴൂർ കാട്ടുംകുളത്തിൽ കുളിച്ചതാണ് കുട്ടിക്ക് രോഗം പിടിപെടാനുള്ള കാരണമെന്നുള്ളതാണ് പ്രാഥമിക നിഗമനം. എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.
ഇതോടെ മലബാർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച നാലാമത്തെ വ്യക്തിയാണ് പയ്യോളി സ്വദേശിയായ 14 വയസ്സുകാരൻ. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നുപേർ അമിബിക് മസ്തിഷ്ക ജ്വര ബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോടെ രോഗ വ്യാപനം തടയാനായി ജാഗ്രത നിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി. നീന്തൽകുളങ്ങൾ ക്ലോറിനേഷൻ ചെയ്യണമെന്നും വൃത്തിയില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. കുട്ടികളിലാണ് രോഗം പിടിപെടുന്നതെന്നും രോഗബാധയുണ്ടായാൽ മരണസാധ്യത കൂടുതലാണെന്നുള്ളതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.