Share this Article
കോൺഗ്രസ് കോഴിക്കോട് നടത്തിയ ജില്ലാ ഹർത്താലിൽ സംഘർഷം
Clashes in district hartal held by Congress

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് നടത്തിയ ജില്ലാ ഹർത്താലിൽ സംഘർഷം. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലും പാളയത്തും മുക്കത്തും ബസ്സുകൾ തടഞ്ഞു. നഗരത്തിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകരുടെ ദേഹത്ത് തൊട്ടാൽ പൊലീസിന്റെ കൈ പൊള്ളുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ വ്യക്തമാക്കി.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎം പ്രവർത്തകർ കോൺഗ്രസ് നേതാക്കളെ  അക്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിസിസിയുടെ ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലയിൽ ഹർത്താൽ നടത്തിയത്. രാവിലെ ഹർത്താലിനോട് സമ്മിശ്രമായ പ്രതികരണം ആയിരുന്നു ഉണ്ടായിരുന്നത്.

നേരത്തെ വ്യാപാരി സംഘടനകളും ഒരു വിഭാഗം ബസ് ഉടമകളും നിസഹകരണം പ്രഖ്യാപിച്ചിരുന്നതിനാൽ ചില കടകൾ തുറന്നു പ്രവർത്തിക്കുകയും ചില ബസുകൾ സർവീസ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ മലയോര മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. അതിനിടെ ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

പ്രകടനം തുടങ്ങും മുൻപ് തന്നെ പുതിയ ബസ്റ്റാൻഡിൽ എത്തിയ പ്രവർത്തകർ ബസുകൾ തടഞ്ഞു. പൊലീസ് ഇവരെ തടയാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായി. പ്രകടനത്തിനൊപ്പം എത്തിയ പ്രവർത്തകർ കടകൾ അടപ്പിക്കുകയും ബസുകൾ തടയുകയും ചെയ്തു. തുടർന്ന് ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ  ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

പൊലീസിന് നേരെ അതിരൂക്ഷമായ ഭാഷയിലായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.കോഴിക്കോട് പാളയത്തും മുക്കത്തും കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടഞ്ഞു. കടകൾ അടപ്പിക്കുകയും ചെയ്തു. മുക്കത്ത് ഹർത്താൽ അനുകൂലികളും ടാക്സി ഡ്രൈവർമാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories