ഇടുക്കി നെടുങ്കണ്ടത്ത് പോലീസിനെ കണ്ട് വിരണ്ടോടിയ യുവാവ് പൊട്ട കിണറ്റിൽ വീണു.രാത്രിയിൽ കിണറ്റിനുള്ളിൽ യുവാവ് കിടന്നത് മൂന്ന് മണിക്കൂറിലധികം.ഒടുവിൽ ഫയർഫോഴ്സും പോലീസും എത്തി പന്ത്രണ്ടരയോടെ യുവാവിനെ കരയ്ക്ക് കയറ്റി.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടുകൂടിയായിരുന്നു സംഭവം.നെടുങ്കണ്ടം ടൗണിന് സമീപം ഹിൽഡ ബാറിന് പിൻവശത്തായി ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് നെടുങ്കണ്ടം - കൈലാസപ്പാറ ഇടവഴിയിൽ എട്ടുമണിയോടെ പോലീസ് പരിശോധന നടത്തുകയായിരുന്നു.ഇതിനിടയിൽ ബൈക്കിൽ എത്തിയ യുവാക്കൾ പോലീസിനെ കണ്ടു വാഹനം നിർത്തി.
ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് പോലീസിനെ വെട്ടിച്ച് ഓടുകയായിരുന്നു.ഇതിനിടയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ട കിണറ്റിൽ യുവാവ് വീണു.
പോലീസും നാട്ടുകാരും ചേർന്ന് മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും യുവാവ് കിണറ്റിൽ ഓസിൽ പിടിച്ച് കിടന്നു.പോലീസ് ഒരു മണിക്കൂർ ഓളം തിരച്ചിൽ നടത്തിയശേഷം മേഖലയിൽ നിന്നും പോയി.
തുടർന്ന് യുവാവ് ഹോസിൽ പിടിച്ച് മുകളിലേക്ക് കയറുവാൻ ശ്രമിച്ച എങ്കിലും സാധിച്ചില്ല.ഇതിനെ തുടർന്ന് 11 മണിയോടെ കിണറ്റിനുള്ളിൽ കിടന്ന് യുവാവ് അലറി വിളിച്ചു.ശബ്ദം കേട്ട് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി യുവാവിനെ കരയ്ക്കെത്തിച്ചു.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ പറഞ്ഞയച്ചു.മേഖലയിൽ ലഹരിവസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.
വൈകുന്നേരങ്ങളിൽ ബൈക്കിൽ എത്തുന്ന യുവാക്കളാണ് നാട്ടുകാർക്ക് ശല്യമാകുന്നത്. ഇടവഴികളിലൂടെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചു പോകുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്നും പരാതി.