മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ പലചരക്ക് കടയ്ക്ക് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. കടയുടെ വാതില്‍ ആന തകര്‍ത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതു പത്തൊമ്പതാം തവണയാണ് പുണ്യവേലിന്റെ കട കാട്ടാന ആക്രമിക്കുന്നത്. പടയപ്പയുടെ ആക്രമണം ആദ്യമാണ്. കടയോട് ചേര്‍ന്നു തന്നെയാണ് പുണ്യവേലിന്റെ വീടും. കാട്ടാന ആക്രമണം പതിവായതോടെ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു.