ഐസിയു പീഡനക്കേസിൽ ഡോക്ടർ കെ വി പ്രീതിയെ കുറ്റ വിമുക്തയാക്കിയ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്ന് സമരസമിതി. പ്രധാന സാക്ഷിയായ ചീഫ് നഴ്സിന്റെ മൊഴി മുഖവിലയ്ക്കെടത്തില്ലെന്നാണ് പരാതി. നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി സമരസമിതി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ആദ്യഘട്ടത്തിൽ മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതിയെ കുറ്റവിമുക്തിയാക്കിയ അന്വേഷണ റിപ്പോർട്ട് അനിശ്ചിതകാല സമരത്തിനൊടുവിൽ ഇന്നലെയാണ് അതിജീവിതയ്ക്ക് ലഭ്യമാക്കുന്നത്. ശേഷം കേസ് അന്വേഷണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു.
അതിന്റെ തുടർച്ചയായാണ് അന്വേഷണ റിപ്പോർട്ട് മുഴുവനായി പഠിച്ചതിൽ ഡോക്ടർ കെ വി പ്രീതിയെ കുറ്റവിമുക്തിയാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേടുണ്ടെന്ന് സമര സമിതി ആരോപിക്കുന്നത്. പ്രധാന സാക്ഷിയായ ചീഫ് നഴ്സിന്റെ മൊഴി മുഖവിലയ്ക്കെടുക്കാതെ ആരോപണ വിധേയയായ പ്രീതിയുടെ മൊഴി എസിപി വിശ്വാസത്തിലെടുത്തത് ഞെട്ടിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു.
അതിജീവിതയെ സഹായിച്ച സീനിയർ നഴ്സിംഗ് ഓഫീസറെ കുറ്റക്കാരി ആക്കുന്ന രീതിയിലേക്ക് ആണ് അന്വേഷണം റിപ്പോർട്ട്.ഇതിലൂടെ ഐസിയു പീഡനക്കേസിൽ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവെന്ന സംശയം ഗൗരവമുള്ളതാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതിക്ക് വേണ്ടി മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ അറിയിച്ചു .