കൊല്ലം: ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.കടമ്പനാട് കെ.ആർ.കെ.പി.എം
ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് കുളത്തിൽ മുങ്ങി മരിച്ചത്.മണക്കാല മാഞ്ഞാലി അന്തിച്ചിറ തിരുവോണം വീട്ടിൽ ജയപ്രകാശിന്റെയും രജനിയുടെയും മകൻ അഭിനന്ദ് (15) ആണ് മരിച്ചത്.
രാവിലെ 11 ഓടെ ആണ് അഭിനന്ദ് ഉൾപ്പെടെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന 15 അംഗ സംഘം മുതുപിലാക്കാട് കണ്ണാടി കുളത്തിൽ എത്തിയത്.കുട്ടികൾ കുളത്തിൽ കുളിക്കുന്നതിനിടെ അഭിനന്ദ് താഴ്ന്നു പോകുകയായിരുന്നു.നീന്തൽ വശമില്ലാത്ത മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.കരച്ചിൽ കേട്ട് തൊട്ടടുത്ത അംഗൻവാടി ജീവനക്കാർ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ പരിസരവാസികളായ യുവാക്കൾക്കും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.പിന്നീട് ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സ്കൂബാ ടീമും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ദിവസവും നിരവധിയാളുകൾ എത്തുന്ന കണ്ണാടിക്കുളം മഴ ശക്തമായതിനെ തുടർന്ന് വെള്ളം ഉയരുകയും കാട് മൂടി കിടക്കുകയുമായിരുന്നു.ഇതിനാൽ തന്നെ അപകട ഭീഷണിയും നിലനിന്നിരുന്നു.