മഴ കനക്കും മുമ്പെ കൊക്കോ കായ്കൾക്ക് ചീയ്ച്ചിൽ പിടിച്ചിട്ടുള്ളത് കർഷകർക്ക് തിരിച്ചടിയാകുന്നു. റെക്കോഡ് വിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൊക്കോയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഉത്പാദന കുറവിനൊപ്പം കായ്കൾ ചീഞ്ഞ് പോകുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്.
മഴ കനക്കും മുമ്പെ കൊക്കോ കായ്കൾ വലിയ തോതിൽ ചീഞ്ഞ് പോകുന്നതാണ് കർഷകർക്ക് പ്രതിസന്ധിയായിട്ടുള്ളത്. മെയ് മാസം ആദ്യം മുതൽ ആരംഭിച്ച മഴ തോരാതെ വന്നതാണ് കൊക്കോ കർഷകർക്ക് തിരിച്ചടിയായത്. സാധാരണ വേനൽ മഴക്ക് ശേഷം വെയിൽ ലഭിക്കാറുണ്ടായിരുന്നു.
എന്നാൽ ഇത്തവണ വെയിൽ ലഭിച്ചില്ല. ഇക്കാരണം കൊണ്ടു തന്നെ പല കർഷകർക്കും മഴയെത്തും മുമ്പെ കൊക്കോ മരങ്ങളിൽ മരുന്നടിക്കുന്നതിനും മറ്റു പരിപാലനത്തിനും സാവകാശം ലഭിച്ചില്ല. ഇത് കായ്കൾ വലിയ തോതിൽ ചീയുന്നതിന് ഇടവരുത്തിയിട്ടുണ്ട്.റെക്കോഡ് വിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൊക്കോയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്.
ഉണങ്ങിയ പരിപ്പിന് 500 രൂപയും പച്ച പരിപ്പിന് 140 രൂപയുമാണ് വില.ഉണങ്ങിയ പരിപ്പിന് വില ഇത്തവണ ആയിരത്തിന് മുകളിലേക്ക് ഉയർന്നിരുന്നു. വില ഉയർന്നപ്പോഴും വേണ്ട വിധത്തിലുള്ള ഉത്പാദനം ഇല്ലെന്ന നിരാശ കർഷകർക്കുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണിപ്പോൾ കൊക്കോ കായ്കൾക്ക് ചീയ്ച്ചിൽ ബാധിച്ചിട്ടുള്ളത്. മഴ കനക്കുന്നതോടെ കായ്കൾ കൂടുതലായി ചീഞ്ഞ് ഉത്പാദനം പൂർണ്ണമായി ഇല്ലാതാകുമോയെന്ന എന്ന ആശങ്കയും കർഷകർ പങ്ക് വയ്ക്കുന്നു.