തൃശൂരിന്റെ മലയോര പഞ്ചായത്തുകളായ മറ്റത്തൂരിനേയും കോടശേരിയേയും ബന്ധിപ്പിക്കുന്ന വെള്ളിക്കുളങ്ങര-ചാലക്കുടി റോഡിലെ കമലക്കട്ടിയില്‍ മാലിന്യം നിറയുന്നത് യാത്രക്കാര്‍ക്ക് തലവേദനയാകുന്നു.
നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതോടെ ഇടക്കാലത്ത് മാലിന്യനിക്ഷേപം അല്പം കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും മാലിന്യനിക്ഷേപം രൂക്ഷമായിരിക്കുകയാണ്..
അതിരപ്പിള്ളിയിലേക്കുള്ള ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ വെള്ളിക്കുളങ്ങരയില്‍ നിന്ന് ചാലക്കുടി, പരിയാരം, കുറ്റിച്ചിറ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രക്കാരാണ് ദിനം പ്രതി ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍ റോഡരുകില്‍ മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയത് യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്. മൂക്കുപൊത്താതെ ഇതിലേ കടന്നുപോകാനാവില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി
രാത്രിയുടെ മറവില്‍ ഇറച്ചികോഴിയുടെ അവശിഷ്ടങ്ങള്‍ ചാക്കുകളിൽ ആക്കി വാഹനങ്ങളില്‍ കൊണ്ടുവന്ന് റോഡരുകില്‍ തള്ളുകയാണ്. ചീഞ്ഞഴുകി പുഴുവരിച്ച് റോഡരുകില്‍ കിടക്കുന്ന മാലിന്യചാക്കുകള്‍ ദുര്‍ഗന്ധം പരത്തുകയാണു.
ബ്രിട്ടീഷ്ഭരണകാലത്തുണ്ടായിരുന്ന കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേ കടന്നുപോയിരുന്നത് ഇപ്പോഴത്തെ കമലക്കട്ടി റോഡിനോടുചേര്‍ന്നാണ് .ട്രാം പാതയുണ്ടായിരുന്ന കിടങ്ങ് നിറയെ മാലിന്യമാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവിടത്തെ മാലിന്യനിക്ഷേപം കാരണമാകുന്നുണ്ട്.
മഴ പെയ്താല്‍ മാലിന്യം ചീഞ്ഞഴുകി സമീപത്തെ കനാലിലെ വെള്ളത്തില്‍ കലരും. മാലിന്യം ഭക്ഷിക്കാനായി എത്തുന്ന കാട്ടുപന്നിക്കൂട്ടവും തെരുവുനായ്ക്കളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്.
കമലക്കട്ടിയിലെ മാലിന്യനിക്ഷേപത്തിന് അറുതി വരുത്താന്‍ കോടശേരി പഞ്ചായത്തധികൃതരും വെള്ളിക്കുളങ്ങര പൊലീസും വനംവകുപ്പും ചേര്‍ന്ന് അടിയന്തിര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .