തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ചിറ്റാട്ടുകര സ്വദേശി പ്രണവിനെയാണ് (24 ) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്. 2017 -18 കാലത്ത് നടന്ന സംഭവത്തിൽ പാവറട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കവർന്നുവെന്നുമാണ് കേസ്. കടുത്ത മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയും മാതാപിതാക്കളും പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിചാരണ വേളയിൽ 21 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെഎസ് ബിനോയിയാണ് ഹാജരായത്.