മലപ്പുറം പട്ടാമ്പി ഉപജില്ല കലോത്സവ വേദിയെ വ്യത്യസ്ഥമാക്കി ഗോത്രകലകള്‍. പണിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ കാണികള്‍ക്ക് കൗതുകമായി. സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായാണ് ഗോത്ര വിഭാഗങ്ങളുടെ കലകളും മത്സര ഇനമായി ഉൾപ്പെടുത്തിയത്.
കലോത്സവ വേദികളിലെ മറ്റ് നൃത്തയിനങ്ങളെ കടത്തിവെട്ടുന്നതായിരുന്നു പട്ടാമ്പി ഉപജില്ലാ കലോത്സവത്തില്‍ മത്സര ഇനമായെത്തിയ ഗോത്രകലകള്‍. സ്ഥിരം മത്സര വേദികളില്‍ നിന്ന് വ്യത്യസ്ഥമായി അത് കാണികള്‍ക്ക് പുതിയ താളവും ആവേശം നല്‍കി.
ഗോത്രകലകള്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന്റെ ഫലമായാണ് കിര്‍ത്താഡ്‌സ് ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് നേടി ആദിവാസി നൃത്തരൂപങ്ങള്‍ മത്സരയിനങ്ങളാക്കിയത്.
പണിയ നൃത്തം, ഇരുള നൃത്തം, മലപുലയാട്ടം, മംങ്ങലംകളി തുടങ്ങിയവയാണ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്
പാരമ്പര്യ കലാകാരന്‍ ആറങ്ങോട്ടുകര സ്വദേശി സൗന്ദര്‍ കൃഷ്ണന്റെ ശിക്ഷണത്തിലാണ് വിദ്യാര്‍ഥികള്‍ ഗോത്രകലകള്‍ പരിശീലിച്ചത്. അന്യം നിന്നു പോകുന്ന ഗോത്ര കലകളെ കലോത്സവങ്ങളിലൂടെ പുത്തന്‍ തലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്