കൊച്ചി: വാർത്തയുടെ പേരിൽ മാധ്യമം തിരുവനന്തപുരം ലേഖകൻ അനിരു അശോകനെതിരായ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സെൻറ് തെരേസാസ് കോളജിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തരുത് എന്ന പത്രപ്രവർത്തനത്തിലെ അടിസ്ഥാന തത്വം ലംഘിക്കാനാണ് പൊലീസ് മാധ്യമം ലേഖകനെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നതെന്നും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഇത്തരം കടന്നുകയറ്റം തീർത്തും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന ട്രഷറർ മധുസൂദനൻ കർത്താ, സംസ്ഥാന സമിതി അംഗം ബി. ദിലീപ് കുമാർ, മുൻ ട്രഷറർ പി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍ നന്ദി പറഞ്ഞു.