തൃശൂർ നഗരം പുലികൾ കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം . അരമണി കിലുക്കി നഗരം ഒന്നാകെ പുലിആവേശത്തിൽ ഇന്ന് താളം ചവിട്ടും. ഇത്തവണ ആവേശം നിറയ്ക്കാനായി പുള്ളിപ്പുലി മുതൽ ഹിമപ്പുലികൾ വരെ ഇറങ്ങുന്നുണ്ട്. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലിക്കളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.
സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. കോർപറേഷന്റെ മാനദണ്ഡമനുസരിച്ച് ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. ആവേശമായി പെൺപുലികളും കളത്തിലിറങ്ങും. വിയ്യൂർ ദേശത്തു നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്. പുലികളിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പുലി വരുന്ന വഴി
സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി സംഘങ്ങൾ എംജി റോഡ് വഴിയാണ് റൗണ്ടിലേക്കു പ്രവേശിക്കുന്നത്. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും. ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തു നിന്ന് എംഒ റോഡ് വഴി വന്നു റൗണ്ടിൽ പ്രവേശിക്കും. ശേഷം ഇടത്തോട്ടു രാഗം തിയറ്ററിന്റെ ഭാഗത്തേക്കു തിരിഞ്ഞുപോകും. വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്ന് ബിനി ടൂറിസ്റ്റ് ഹോമിനു സമീപം വന്ന് ഇടത്തോട്ടു തിരിയും.
ഗതാഗത നിയന്ത്രണം
പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും അനുവദിക്കുന്നതല്ല. പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ സർക്കിളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനല്ലാതെ, തൃശൂർ നഗരത്തിലേക്ക് വരുന്നത് കഴിയുന്നതും ഒഴിവാക്കണം.
സാംസ്കാരിക നഗരിയിലെ പുലികളിയുടെ മുഴുവൻ ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ മികച്ച കവറേജുമായി കേരളവിഷൻ ന്യൂസും ഒരുങ്ങിക്കഴിഞ്ഞു.പ്രശസ്ത ചലച്ചിത്രതാരം നന്ദകിഷോറും കേരളവിഷൻ ന്യൂസിൽ അവതാരകനായി എത്തും. പുലികളുടെ ഒരുക്കം മുതൽ ആവേശം ഒട്ടും ചോരാതെ ഓരോ വാർത്തയിലും സമഗ്രമായി തത്സമയം ഇന്ന് കേരളവിഷൻ ന്യൂസിലൂടെ കാണാം.