കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടി നടപടി. ബിനുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ബിനു വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്‍ട്ടി നടപടി. ബിനുവിനെ പുറത്താക്കിയ പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.
ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സിപിഐഎം അണികള്‍ക്കും എതിര്‍പ്പുണ്ടെന്നും ജോസ് ജനങ്ങളില്‍ നിന്ന് ഓടി ഒളിക്കുകയാണെന്നുമായിരുന്നു ബിനുവിന്റെ പ്രതികരണം. ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു.
രാജ്യസഭ സീറ്റ് ജോസ് കെ.മാണിക്ക് വിട്ടു നൽകിയതോടെയാണ് ബിനു പുളിക്കകണ്ടം പരസ്യ വിയോജിപ്പുമായി രംഗത്തെത്തിയത്. നേരത്തെ പാലായിൽ കേരള കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് നഗരസഭ ചെയർമാൻ സ്ഥാനം നഷ്ടമായാളണ് ബിനു. തുടർന്ന് ഒന്നര വർഷത്തോളം പർട്ടി വേദികളിൽ കറുത്ത വസ്ത്രം ധരിച്ചാണ് ബിനു എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ കറുത്ത വസ്ത്രം ഉപേക്ഷിക്കാനും തീരുമാനിച്ചു.
ജോസ് കെ.മാണിയുടെ പിടിവാശി മൂലം അർഹമായ ചെയർമാൻ സ്ഥാനം നഷ്ടമായെന്നാണ് ബിനുവിന്റെ ആരോപണം. ഇപ്പോൾ രാജ്യസഭ സീറ്റിലും ജോസ് കെ.മാണിയുടെ സമ്മർദത്തിന് സി.പി.ഐ.എം വഴങ്ങേണ്ടി വന്നു. ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാകാതെ പാർലമന്റെറി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ. മാണിക്ക് ഇനി രാഷ്ടീയ യുദ്ധത്തിനില്ല. നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്താൻ ഇല്ലെന്നായിരുന്നു ബിനു പറഞ്ഞത്.
അതുകൊണ്ടാണ് കറുത്ത വസ്ത്രം ഉപേക്ഷിക്കുന്നതെന്നും അടുത്ത കൗൺസിൽ യോഗത്തിൽ വെളുത്ത വസ്ത്രത്തിലെത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇടപെടലുണ്ടാകുന്നത്.