ബ്രിട്ടീഷുകാരുടെ 200 വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അന്ത്യംക്കുറിച്ച് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ചിട്ട് 77 വർഷമാകുന്നു. ചോരയും വിയര്‍പ്പുമൊഴുക്കി സ്വാതന്ത്ര്യം നേടി തന്ന സമര സേനാനികളുടെ ഓർമ്മകൾ ഉറങ്ങുന്ന ഇടം തിരുവനന്തപുരത്തുണ്ട്…പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ചരിത്രത്താളിലേക്ക്…
1857-ലെ ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ അനുസ്മരിക്കാൻ അതിന്റെ 100-ാം വാർഷികമായിരുന്ന 1957-ലാണ് തിരുവനന്തപുരം പാളയത്ത് രക്തസാക്ഷിമണ്ഡപം സ്ഥാപിക്കുന്നത്.
കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇ എം എസ് സർക്കാരിന്റെ കാലത്താണ് സ്മൃതി മണ്ഡപം നിർമ്മിച്ചത്..സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്ത് എല്ലായിടത്തും രക്തസാക്ഷി മണ്ഡപം വേണമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു നിർമ്മാണം.
1957 ഓഗസ്‌റ്റ് 14-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ആലപിക്കാൻ ചിട്ടപ്പെടുത്തിയതാണ് ബലികുടീരങ്ങളേ... എന്ന ഗാനം.
രാജ്യം അതിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്രദിനാഘോഷ നിറവിൽ നിൽക്കുമ്പോൾ ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പേറി തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുകയാണ് ഈ ഓർമ്മകുടീരം.