കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎം പിന്തുണച്ച കോൺഗ്രസ് വിമതർ ജയിച്ചു. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. പാനലിൽ നാല് പേർ സിപിഐഎമ്മിൽ നിന്നും ഏഴ് പേർ കോൺഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു ഇവർ മത്സരിച്ചത്. ജിസി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡൻ്റ്. കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിൽ വിമതർ സിപിഐഎമ്മിനൊപ്പം ചേർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി.വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് - സിപിഐഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടി. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് നേതാക്കൾ കോഴിക്കോട് വാർത്താസമ്മേളനം നടത്തി ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.