മലപ്പുറം:വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ മൂന്നു പേർ കുടുങ്ങി. മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്സിൻ എന്നിവരാണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ മൂന്നുപേരെയും രക്ഷപ്പെടുത്തി.
കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. രഹീസിനെ വടം ഉപയോഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വനം വകുപ്പ്, ആംഡ് ഫോഴ്സ്, പോലീസ് സംഘങ്ങൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
തിരച്ചിലിനായി എത്തിയ പ്രാദേശിക സംഘത്തിൽ ഉൾപ്പെട്ടവരാണ് സൂചിപ്പാറയിൽ ഒന്നാം വെള്ളച്ചാട്ടത്തിനും രണ്ടാം വെള്ളച്ചാട്ടത്തിനുമിടയിൽ കുടുങ്ങിയതെന്നാണ് വിവരം. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാഗത്താണ് ഇവർ കുടുങ്ങിയത്. നിലമ്പൂർ ഭാഗത്തുനിന്നാണ് ഇവർ സൂചിപ്പാറയിലേക്ക് എത്തിയതെന്നാണ് നിഗമനം.