കൊച്ചി: സംസ്ഥാനത്തു നടന്ന പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പിൽ കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക്കിലെ തെരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രത്യേകതയുണ്ട്. പതിറ്റാണ്ടുകളുടെ എസ്.എഫ്.ഐ ആധിപത്യം തകർത്താണ് കെ.എസ്.യു. വിജയം നേടിയത്. വിജയത്തിന് ചുക്കാൻ പിടിക്കുകയും ചെയർപഴ്സൻ ആകുകയും ചെയ്ത വൈഗയ്ക്ക് വലിയ അഭിനന്ദനമാണ് കെ.എസ്.യു പ്രവർത്തകരിൽ നിന്നും കോൺഗ്രസ് നേതാക്കളിൽ നിന്നുമെല്ലാം ലഭിക്കുന്നത്.
35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക് തിരിച്ചുപിടിച്ചു വിജയാഹ്ലാദ പ്രകടനവുമായി വൈഗയും സംഘവും റോഡിലൂടെ നീങ്ങുമ്പോഴാണ് ബസോടിച്ച് അച്ഛൻ ജിനുനാഥ് എത്തുന്നത്. വിജയമധുരത്തിൽ നിൽക്കുന്ന വൈഗയ്ക്ക് ബസ് ഡ്രൈവറായ അച്ഛന്റെ അഭിനന്ദനം കൂടിയായപ്പോൾ അത് ഇരട്ടി മധുരമായി.
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ജിനുനാഥ് മകൾക്ക് അഭിനന്ദനം നൽകിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂടി ഫേസ്ബുക് പോസ്റ്റിൽ പങ്കു വച്ചതോടെ വൈഗ വൈറലുമായി.
സംസ്ഥാനത്തു നടന്ന പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പിൽ കെ.എസ്.യു.നടത്തിയത് ഉജജ്വല മുന്നേറ്റമെന്നാണ്കെ.എസ്.യു പ്രവർത്തകർ അറിയിക്കുന്നത്. ചരിത്രം തിരുത്തി കുറിച്ച് സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളിൽ കെ.എസ്.യു ആധിപത്യം നേടിയെന്നു കെ.എസ്.യു അവകാശപ്പെട്ടു.
35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെൻ്റ് വിമൻസ് പോളിടെക്നിക് കെ.എസ്.യുവും 53 വർഷങ്ങൾക്ക് ശേഷം അങ്ങാടിപ്പുറം പോളിടെക്നിക് യുഡിഎസ്എഫും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോർട്ട്.
വയനാട് മേപ്പാടി പോളി, തിരൂർ പോളി, ഐ.പി.റ്റി ഷൊർണൂർ, കോഴിക്കോട് ഗവ: പോളിടെക്നിക്, കോട്ടക്കൽ വിമൻസ് പോളി, എന്നിവിടങ്ങളിൽ യുഡിഎസ്എഫ് മുന്നണി യൂണിയൻ പിടിച്ചെടുത്തു.മീനങ്ങാടി പോളിയിൽ മൂന്ന് സീറ്റിൽ യുഡിഎസ്എഫ് വിജയിച്ചപ്പോൾ പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്നിക്കിൽ ചെയർമാനായി വൈഷ്ണവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പുനലൂർ പോളിടെക്നിക്കിൽ ആർട്സ് ക്ലബ് സെക്രട്ടറിയും നെടുമങ്ങാട്, പെരുമ്പാവൂർ പോളിടെക്നിക്കുകളിൽ വൈസ് ചെയർപേഴ്സൺ സ്ഥാനവും കെ.എസ്.യു നേടിയെടുത്തു. അടൂർ പോളിടെക്നിക് കോളേജിൽ ഒരു വോട്ടിനും നെടുങ്കണ്ടം പോളിടെക്നിക്കിൽ മൂന്ന് വോട്ടിനുമാണ് ചെയർമാൻ സ്ഥാനാർത്ഥി പരാജയപ്പെട്ടത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ കരുത്തുകാട്ടാനായതായും സംസ്ഥാനം ഭരിക്കുന്ന സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് ലഭിച്ച താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വരാനിരിക്കുന്ന വിവിധ സർവ്വകലാശാലകളുടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കെ.എസ്.യു ചരിത്രമുന്നേറ്റം നടത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.