Share this Article
പി.വി.സാമി പുരസ്‌കാരം ഗോകുലം ഗോപാലന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള സമ്മാനിച്ചു
Gokulam Gopalan

പി.വി.സാമി പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ്  ചെയർമാൻ ഗോകുലം ഗോപാലന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെൻ്റിനറി ഹാളിൽ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ അണിയ നിരന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി.വി. സാമിയുടെ സ്മരണാർത്ഥമാണ് വ്യാവസായിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർക്ക് ഒരുവർഷവും പുരസ്കാരം സമ്മാനിക്കുന്നത്.

എം.എ. യൂസഫലി, ടി.എസ്.കല്യാണരാമൻ, പത്മശ്രീ മമ്മൂട്ടി, പത്മഭൂഷൻ മോഹൻലാൽ തുടങ്ങിയ നിരവധി പ്രമുഖർ കഴിഞ്ഞവർഷങ്ങളിൽ ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഇത്തവണ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാനും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലന് പുരസ്കാരം സമ്മാനിക്കുകയായിരുന്നു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പി.വി.സാമിയും ഗോകുലം ഗോപാലനും എന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പുരസ്കാര ലബ്ധി കൂടുതൽ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുവെന്ന് ഗോകുലം ഗോപാലനും പറഞ്ഞു.

ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രശസ്തിപത്രം സമർപ്പിച്ചു. എം.കെ രാഘവൻ എം.പി പൊന്നാട അണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സംവിധായകൻ സത്യൻ അന്തിക്കാട്, മുൻമന്ത്രി ബിനോയ് വിശ്വം, മാതൃഭൂമി മാനേജിംഗ് എഡിറ്ററും പി വി സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനുമായ പി.വി.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories