കോട്ടയം: പുതുപ്പള്ളിയില്‍ പോളിംഗ് അവസാനമണിക്കൂറുകളിലേക്ക്. ശക്തമായ മഴയ്ക്കിടയിലും മൂന്നു മണി വരെ വോട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പേർ. ഇതോടെ 2021ലെ പോളിങ്ങിനെ മറികടന്നതായാണ് റിപ്പോർട്ട് . മൂന്ന് മണിവരെ 60.97 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിംഗ് അമ്പത് ശതമാനം പിന്നിട്ടിരുന്നു.മാനം തെളിഞ്ഞതോടെ ഇനിയും വോട്ടർമാർ കൂടുതലായി ബൂത്തുകളിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് മുന്നണികളിലെ പ്രവർത്തകർ.
പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ ഉൾപ്പെടെയാണ് പതിനൊന്നരയോടെ കനത്ത മഴ പെയ്തത്. അരമണിക്കൂറിലേറെ മഴ നീണ്ടു.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.