കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അവധി പ്രഖ്യാപിച്ചത്. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൊച്ചിയില്‍ ഉള്‍പ്പെടെ കാലവര്‍ഷം കനത്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇടപ്പള്ളി മരോട്ടിച്ചുവട് കലൂര്‍,പനമ്പള്ളി നഗര്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ വെള്ളം കയറി.പനമ്പള്ളി നഗറിലെ നടപ്പാതയിലേക്ക് മരം മറിഞ്ഞു വീണു.പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനു മുന്നില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.രണ്ട് കാറുകളുടെ മുകളില്‍ മരത്തിന്റെ ചില്ലകള്‍ പതിച്ചു.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇതേ ഷട്ടറുകളെല്ലാം 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊല്ലം അഴീക്കലില്‍ കാറ്റിലും തിരയിലും പെട്ട് ഫൈബര്‍ വള്ളം തകര്‍ന്നു. മറ്റൊരുവള്ളത്തിലെ തൊഴിലാളികള്‍ തിരയില്‍പെട്ട നാലുപേരെയും രക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. രാവിലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ കല്ലാര്‍- പൊന്മുടി റോഡില്‍ മരം വീണു. ഇതോടെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാം വളവില്‍ റോഡിന് കുറുകെ വീണ മരം ഫയര്‍ഫോഴ്സ് എത്തി മുറിച്ചുമാറ്റി. പത്തനംതിട്ടയിലെ ആങാമൂഴിയില് 10 സെന്റി മീറ്റര്‍ മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ ലഭിച്ചു.
വരുന്ന അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മിക്കജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയില്‍ തീവ്രമഴക്ക് ഇടയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്