Share this Article
മണിമലയാര്‍, അച്ചന്‍കോവിലാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം; ഓറഞ്ച് അലർട്ട്; കോട്ടയം കൂട്ടിക്കലില്‍ മണ്ണിടിച്ചില്‍
വെബ് ടീം
posted on 17-08-2024
1 min read
KOTTAYAM RAIN

കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന്‍ കോവില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ടും അച്ചന്‍കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷന്‍, വള്ളംകുളം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ എത്തിയ സാഹചര്യത്തില്‍ നദീക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ കോട്ടയം ജില്ലയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് കൂട്ടിക്കല്‍ - ചോലത്തടം റോഡില്‍ കാവാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. കാഞ്ഞിരപ്പള്ളി- മണിമല റോഡിലും മുണ്ടക്കയം ബൈപ്പാസ് റോഡിലും ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗത തടസ്സം ഉണ്ടായി

ഇന്നലെ രാത്രിയില്‍ ആരംഭിച്ച് മണിക്കൂറുകള്‍ തുടര്‍ന്ന ശക്തമായ മഴയിലാണ് കാവാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും പാറയും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ കണക്ക് പ്രകാരം കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഇന്നലെ മാത്രം കിട്ടിയത് 215 mm മഴയാണ്. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബൈപാസ് റോഡില്‍ രാത്രിയില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.

കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴയില്‍ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിഞ്ഞില്ല. മണിമല പഴയിടം പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി എങ്കിലും മഴ കുറഞ്ഞതോടെ നിലവില്‍ മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories