Share this Article
മുനമ്പം വിഷയത്തിൽ ലീഗ് - സമസ്ത നേതൃത്വങ്ങൾക്കെതിരെ പോസ്റ്ററുകൾ
Posters Against League-Samastha Leadership Over Munnampam Issue

മുനമ്പം വിഷയത്തിൽ ലീഗ് - സമസ്ത നേതൃത്വങ്ങൾക്കെതിരെ പോസ്റ്ററുകൾ. മുസ്ലിം മതപണ്ഡിത സംഘടനയായ സമസ്തയുടെ ഉന്നത സമിതിയായ മുശാവറ കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ കളിപ്പാവയാകരുതെന്ന് പോസ്റ്ററിൽ വിമർശനം.

ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് ലീഗ് ഹൗസിന് മുമ്പിലും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുമ്പിലുമാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 

മുസ്‌ലിം മതപണ്ഡിത സംഘടനയായ സമസ്തയുടെ നിർണായക മുശാവറ യോഗം നടക്കുന്ന അതേ ദിവസം തന്നെയാണ് മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന കമ്മിറ്റി ഓഫീസുകൾക്ക് മുമ്പിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുനമ്പം വിഷയത്തിൽ ലീഗും സമസ്തയും സ്വീകരിച്ച മൃദു സമീപനത്തിന് എതിരായ പ്രതിഷേധമാണ് പോസ്റ്ററുകളിലെ വാചകങ്ങളിൽ ഉള്ളത്. അതിൽ തന്നെ പി കെ കുഞ്ഞാലിക്കുട്ടിയുടെ കളിപ്പാവയായി സമസ്ത മുശാവറ മാറരുത് തുടങ്ങിയ വാചകങ്ങൾ അടങ്ങിയ പോസ്റ്ററുകളും ഉണ്ട്.

മുനവ്വറലി തങ്ങളെ വിളിക്കൂ, ലീഗിനെ രക്ഷിക്കൂ എന്നതാണ് മറ്റൊരു പോസ്റ്ററിലെ വാചകം. മുനമ്പം വിഷയത്തിൽ സമസ്ത ഒളിച്ചുകളി നിർത്തണമെന്നും നിലപാട് തുറന്നു പറയണമെന്നും മറ്റൊരു പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.

മുനമ്പം ബാഫഖി സ്റ്റഡി സർക്കിൾ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുനമ്പം വിഷയത്തിൽ സമസ്ത- ലീഗ് നേതൃത്വങ്ങൾ സ്വീകരിച്ച മൃദുനിലപാടിൽ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് എതിർപ്പുണ്ട്.

കൂടാതെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി  പി.കെ.കുഞ്ഞാലിക്കുട്ടിയും സമന്വയത്തിന്റെ പാത സ്വീകരിക്കുന്നതിൽ കെ.എം.ഷാജി അടക്കമുള്ള ലീഗ് നേതാക്കൾക്കും എതിർപ്പുണ്ട്.

സമസ്ത മുശാവറ നടക്കുന്ന ദിവസം തന്നെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധരെ പിന്തുണയ്ക്കുന്ന ആളുകളാണ് എന്ന സംശയവും ഉയർന്നിട്ടുണ്ട്. കെ.എം. ഷാജിയുടെ വാദത്തെ പിന്തുണയ്ക്കുന്ന ലീഗ് അനുകൂലികളും പോസ്റ്റർ പതിച്ചതിന് പിന്നിൽ ഉണ്ടാകാമെന്നും നിഗമനം ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories