വിഷപ്പാമ്പുകളെ ഭയന്ന് ആശങ്കയോടെ ജീവിക്കുകയാണ് കിഴക്കന്‍ മലയോര പ്രദേശമായ കൊല്ലം അഞ്ചല്‍ എരുര്‍ നിവാസികള്‍. പ്രദേശത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ക്കഥയായതോടെ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അഞ്ചല്‍ എരൂര്‍ പഞ്ചായത്തിലെ തെക്കേവയല്‍ ഭാഗത്തുള്ളവരാണ് വിഷപ്പാമ്പുകളെ ഭയന്ന് ആശങ്കയിലായിരിക്കുന്നത്.കഴിഞ്ഞദിവസം തെക്കേവയല്‍ ഭാഗത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രാമചന്ദ്രന്‍ മരിച്ചിരുന്നു. സമീപത്തെ കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെ വീണ്ടും മറ്റൊരാള്‍ക്ക് കൂടി പാമ്പുകടിയേറ്റു. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പാമ്പുകടിയേറ്റ സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പാമ്പ് പിടുത്തക്കാരന്‍ കൂടിയായ ഏരൂര്‍ സ്വദേശി സജുവിനും പ്രദേശത്തു നിന്ന് പാമ്പുകടിയേറ്റിരുന്നു. വീട്ടുമുറ്റത്ത് ആകസ്മികമായി കണ്ട അണലിയെ വളര്‍ത്തുനായ കടിച്ചു കൊന്നതോടെ പാമ്പ് ഭീതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ക്കഥക്കുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.