കോഴിക്കോട് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ ജർമ്മനിയിലെത്തിയെന്ന് അന്വേഷണസംഘം സ്ഥിതീരീകരിച്ചു. പ്രതിവിദേശത്തേക്ക് കടന്നതോടെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. അതേസമയം രാഹുലിന്റെ കുടുംബാംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി. രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ കണ്ടെത്താനായി ലൂക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി അന്വേഷണം ഊർജിതമായി നടക്കുമ്പോഴാണ് രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണസംഘം സ്ഥിതീകരിക്കുന്നത്.സുഹൃത്ത് രാജേഷിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് രാഹുൽ വിദേശത്തേക്ക് കടന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിക്കുന്നത്.നവ വധുവിനെ മർദ്ദിക്കുന്ന സമയത്ത് രാഹുലിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് കൂടിയാണ് രാജേഷ്.
ജർമൻ പൗരത്വമുള്ള രാഹുൽ ജർമ്മനിയിൽ എത്തിയതോടെ രാഹുലിനെ തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ സങ്കീർണ്ണമാകും. ഇതോടെയാണ് ഇന്റർ പോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസടക്കം പുറത്തിറക്കി പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.അതേസമയം സ്ത്രീധനപീഡനത്തിൽ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയുമടക്കം കസ്റ്റഡി കാര്യത്തിൽ തീരുമാനമുണ്ടാവുക.നിലവിൽ പന്തീരങ്കാവിലെ രാഹുലിന്റെ വീട് പൂട്ടിയിട്ട നിലയിലാണ്.