Share this Article
image
R രാമചന്ദ്രന്‍ പുരസ്കാരം കവിയും കേരളവിഷൻ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ M S ബനേഷിന്‌
M S Banesh Receives R Ramachandran Award

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എന്‍.ഇ ബാലകൃഷ്ണ മാരാര്‍ സ്മാരക പുരസ്കാരം  എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് നടന്ന പൂർണ സാംസ്കാരികോത്സവത്തിലാണ് പുരസ്കാരം നല്‍കിയത്. കവിതയ്ക്കുള്ള ആര്‍.രാമചന്ദ്രന്‍ പുരസ്കാരം-കവിയും കേരള വിഷൻ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ എം.എസ്. ബനേഷിനും നോവലിനുള്ള ഉറൂബ് പുരസ്കാരം രമേശ് കാവിലിനും സമ്മാനിച്ചു. 

പ്രമുഖ പ്രസാധകരായ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് മുതലക്കുളം മലബാര്‍ പാലസിലെ എന്‍.ഇ ബാലകൃഷ്ണ മാരാര്‍ ഹാളില്‍ നടത്തിയ  രണ്ടുദിവസത്തെ സാംസ്കാരികോത്സവത്തിലാണ് എന്‍ ഇ ബാലകൃഷ്ണ മാരാര്‍ സ്മാരക സാഹിത്യ സമഗ്ര സംഭാവനാ പുരസ്കാരം ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചത്. 

എംടിക്ക് വേണ്ടി മകൾ അശ്വതി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദനിൽ നിന്ന്  പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച കവിതാസമാഹാരത്തിനുള്ള പൂര്‍ണ്ണ ആര്‍. രാമചന്ദ്രന്‍ പുരസ്കാരം കവിയും കേരളവിഷന്‍ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ എം.എസ് ബനേഷിന് സമ്മാനിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. വി. വേണുവാണ് എം.എസ്. ബനേഷിന് പുരസ്കാരം നല്‍കിയത്. 

ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ബനേഷിന്‍റെ പേരക്കാവടി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, ഡോ. കെ.വി സജയ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. പൂര്‍ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.   

മികച്ച അപ്രകാശിത  നോവലിനുള്ള പൂര്‍ണ ഉറൂബ് അവാര്‍ഡ് എഴുത്തുകാരനും ഗാനരചയിതാവുമായ രമേശ് കാവില്‍  ഏറ്റുവാങ്ങി. പാതിര എന്ന നോവലിനാണ് പുരസ്കാരം. ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണ - നോവല്‍ വസന്തം സീസണ്‍ 

അഞ്ചിന്‍റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്തത്. സി. രാധാകൃഷ്ണന്‍, കല്പറ്റ നാരായണന്‍, സിവി ബാലകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, ആര്‍ രാജശ്രീ തുടങ്ങി നിരവധി എഴുത്തുകാരാണ് പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുത്തത്.

സമാപന സമ്മേളനത്തില്‍ കെ.പി.രാമനുണ്ണി, ഡോ. എന്‍.ഇ.അനിത, പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാര്‍, പബ്ലിക്കേഷന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ എന്‍. ഇ. മനോഹര്‍ തുടങ്ങിയവരും പങ്കെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories