കോഴിക്കോട്:വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് ചാടിപ്പോയ നാലു കുട്ടികളെയും കണ്ടെത്തി. മൂന്നു പേരെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവച്ചും ഒരാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. ഏറനാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മലയാളികളായ മൂന്നു കുട്ടികളെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ നാലാമനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് കണ്ടെത്തിയത്.
ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളും പുറത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത് ഇന്നു പുലർച്ചെയാണ് ബാലമന്ദിരത്തിൽ നിന്ന് 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളും ചാടിപ്പോയത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ആർപിഎഫിനും കുട്ടികളുടെ വിവരം കൈമാറി അന്വേഷണം തുടരുന്നതിനിടെയാണ് നാലു പേരെയും കണ്ടെത്തിയത്.