Share this Article
image
തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കമ്മിഷനിങ്ങ് വൈകുന്നു
Commissioning of Tottiyar Small Hydropower Project delayed

ഇടുക്കി തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കമ്മിഷനിങ്ങ് വൈകുന്നു. ഇതോടെ കാലവര്‍ഷത്തില്‍ ദേവിയാര്‍ പുഴയിലൂടെ തൊട്ടിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പാഴാകാനുള്ള സാധ്യത വര്‍ധിച്ചു. 15 വര്‍ഷം മുന്‍പാണ് പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്.

2009ല്‍ ആണ് തൊട്ടിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിട്ടത്. ദേവിയാര്‍ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറില്‍ തടയണ നിര്‍മിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയില്‍ നിര്‍മ്മിച്ചിട്ടുള്ള നിലയത്തില്‍ വെള്ളം എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2009ല്‍ 207 കോടി രൂപക്കാണ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നത്. എന്നാല്‍ പണികള്‍ പാതിവഴിയില്‍ എത്തുന്നതിനു മുന്‍പായി കരാര്‍ റദ്ദാക്കി. തുടര്‍ന്ന് 2018ല്‍ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം 280 കോടിക്ക് വീണ്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് നിര്‍മാണ ജോലി കള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്.

തൊട്ടിയാര്‍ മുതല്‍ പത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യു വകുപ്പുകളില്‍നിന്ന് പദ്ധതിക്ക് ആവശ്യമായ ഭൂമിയും ഏറ്റെടുത്തിരുന്നു.

ദേവിയാര്‍ പുഴക്കു കുറുകെ 222 മീറ്റര്‍ നീളത്തിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. അനുബന്ധമായി 199 മീറ്റര്‍ നീളത്തില്‍ ടണലും 1,250 മീറ്റര്‍ ദൂരത്തില്‍ പെന്‍സ്റ്റോക്കും സ്ഥാപിച്ചിട്ടുണ്ട്. 2.05 മീറ്റര്‍ ആണ് പെന്‍സ്റ്റോക്കിന്റെ വ്യാസം.

ആദ്യ ഘട്ടം ഉദ്ഘാടനത്തിനു പിന്നാലെ 30 മെഗാവാട്ടിന്റെ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയും വിധം നിര്‍മ്മാണ ജോലികള്‍ അന്തിമഘട്ടത്തിലാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാലവര്‍ഷത്തിനു തുടക്കമായിട്ടും പദ്ധതിയുടെ കമ്മിഷനിങ്ങ് വൈകുന്നത് തൊട്ടിയാറിലെ വെള്ളം പാഴാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories