ഇടുക്കി ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർക്കെതിരെ ജീവനക്കാരിയുടെ പരാതി. സ്ഥിരം ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും കയ്യിൽ കടന്നുപിടിക്കുന്നതുൾപ്പെടെയുള്ള ശാരീരിക ഉപദ്രവം ഉണ്ടായി എന്നും, മാനസിക പീഡന മുണ്ടായി എന്നുമാണ് ജീവനക്കാരിയുടെ പരാതി. ഇത് സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷനും ജില്ലാ പോലീസ് സൂപ്രണ്ട് പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ജീവനക്കാരി പരാതി നൽകി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ യുവതിയോട് ഇടുക്കി ബി.ഡി. ഒ മോശമായി പെരുമാറിയതായും ശരീരത്ത് സ്പർശിക്കാൻ ശ്രമിക്കുകയും കയ്യിൽ കടന്നു പിടിക്കുകയും ചെയ്തതായുമാണ് യുവതിയുടെ പരാതി.
മുൻപ് പലതവണ ഇത്തരത്തിൽ പെരുമാറിയപ്പോൾ എതിർത്തതായും ഈ എതിർപ്പിനെ തുടർന്ന് വൈരാഗ്യപൂർവ്വം ഓഫീസിൽ ഇവരെ മാനസികമായി പീഡിപ്പിക്കുന്നതായും മറ്റ് ജീവനക്കാർക്ക് നൽകുന്ന സ്വാതന്ത്ര്യമോ അവധി ആനുകൂല്യങ്ങളോ ഇവർക്ക് നൽകുന്നില്ല എന്നുമൊക്കെയാണ് ഇവരുടെ പരാതി.
ഏറെക്കാലമായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ ഭാഗത്തുള്ള തെറ്റായ ഇടപെടലനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോട് പരാതി പറഞ്ഞതായും ഫലമില്ലാതെ വന്നപ്പോൾ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനും പഞ്ചായത്ത് ഡയറക്ടർക്കും സംസ്ഥാന വനിതാ കമ്മീഷനും ഉൾപ്പെടെ കഴിഞ്ഞ ഇരുപത്തി അഞ്ചിന് പരാതി നൽകിയതായും ജീവനക്കാരി പറയുന്നു.
എന്നാൽ പരാതി കിട്ടിയിട്ടും പോലീസ് ഉൾപ്പെടെയുള്ള മേൽഘടകങ്ങൾ ഒന്നും പരാതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നുമാണ് അവരുടെ ആക്ഷേപം. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഇടുക്കി പോലീസ് പരാതി ഫയലിൽ സ്വീകരിക്കുകയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പൊലീസ് ജീവനക്കാരിയുടെ മൊഴിയെടുക്കുകയും ചെയ്തു.
തനിക്ക് അർഹമായ ലീവ് തടഞ്ഞു വെക്കുകയും അനാവശ്യമായി തട്ടിക്കയറുകയും കയ്യിൽ കടന്നുപിടിക്കുന്നത് ഉൾപ്പെടെ ലൈംഗിക ചുവയോടെ സംസാരിച്ചതു മെല്ലാം യുവതിയുടെ പരാതിയിലും മൊഴിയിലുണ്ട്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ജീവനക്കാരി മുന്നോട്ടുവയ്ക്കുന്നത്. സംഭവത്തിൽ ഇടുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.