കോഴിക്കോട് കാട്ടിലെ പീടികയിൽ ഇന്ത്യ വൺ എടിഎം ജീവനക്കാരനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. രണ്ട് സ്ത്രീകളാണ് യുവാവിനെ ബന്ദിയാക്കിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. യുവാവിന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 72.40 ലക്ഷം രൂപ കവർന്നു എന്നാണ് കേസ്.
ഇന്നലെ പകൽ 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യ വൺ എ.ടി.എമ്മിൽ നിറയ്ക്കാനായി 72.40 ലക്ഷം രൂപയുമായി കാരാടിമുക്കിലേക്ക് പോകവേ പണം കവർന്നു എന്നാണ് പരാതി. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തിൽ വെച്ചാണ് സംഭവമെന്ന് പരാതിക്കാരൻ്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
പർദ്ദ ധരിച്ച് നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാൾ കാറിന്റെ ബോണറ്റിലേക്ക് വീണ ശേഷം കവർച്ച നടത്തി എന്നാണ് പറയപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ കാറിനകത്തേക്ക് കയ്യിട്ടു പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീ കാറിന്റെ പിറകിൽ കയറി ശരീരമാസകലം മുളകുപൊടി വിതറി.
തുടർന്ന് ബാഗിൽ ഉണ്ടായിരുന്ന 72.40 ലക്ഷം രൂപ കവർന്നു എന്നും പരാതിക്കാരന്റെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിയാത്ത രണ്ട് ആളുകളുടെ പേരിൽ കേസെടുത്തത്. കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.