Share this Article
കാണാതായ എസ്.ഐ തിരിച്ചെത്തി; മാനസിക സമ്മർദംമൂലം മാറിനിന്നതാണെന്ന് മൊഴി
വെബ് ടീം
posted on 17-06-2024
1 min read
missing-si-is-back-the-police-station

കോട്ടയം: കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷ് (53) തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് മൊഴി.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനില്ലന്നുകാട്ടി ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു.

ശനിയാഴ്ച രാവിലെ ജോലികഴിഞ്ഞിറങ്ങിയ എസ്.ഐ. കാറിൽ പോകുകയായിരുന്നു. മൊബൈൽ ഫോൺ ഓഫാക്കിയിരിക്കുന്നതിനാൽ ടവർ പിന്തുടർന്നുള്ള അന്വേഷണവും സാധ്യമായിരുന്നില്ല.ചികിത്സയിലുള്ള അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് ഏറെനാൾ അവധി ലഭിച്ചില്ല. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നൽകിയിരുന്നു. അധികൃതർ അവധി അനുവദിച്ചില്ല. ഇതേത്തുടർന്ന് ദിവസങ്ങളായി ഇദ്ദേഹം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികവിശദീകരണം തരാൻ അധികൃതർ തയ്യാറായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories