ഇടുക്കി മൂന്നാറില്‍ വീണ്ടും വളര്‍ത്തുമൃഗത്തിന് നേരെ പുലിയുടെ ആക്രമണം.കുറ്റിയാർവാലി മേഖലയില്‍ ഉണ്ടായ വന്യജീവിയാക്രമണത്തില്‍ പശുകൊല്ലപ്പെട്ടു.പുമേട്ടിൽ മേഞ്ഞിരുന്ന ഗർഭിണിപശുവിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.
മൂന്നാറില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വന്യജീവിയാക്രമണം അവസാനിക്കുന്നില്ല.ഇന്നലെ രാവിലെ കുറ്റിയാർവാലി മേഖലയില്‍ ഉണ്ടായ വന്യജീവിയാക്രമണത്തില്‍ പശു കൊല്ലപ്പെട്ടു.കുറ്റിയാര്‍വാലി റോഡരികില്‍ മേഞ്ഞിരുന്ന ഗർഭിണി പശുവിനെയാണ് വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
രാവിലെ മേയാന്‍ വിട്ട പ്രദേശവാസിയായ മുരുകന്റെ പശുവാണ് കൊല്ലപ്പെട്ടത്.ഗ്രാംസ്ലാന്റ് മേഖലയില്‍ താമസിക്കുന്ന മീരാന്‍ മൊയ്തീന്റെ പശുവിനെ കാണാതായിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു.പശുവിനെ വന്യജീവി ആക്രമിച്ചിരിക്കാനുള്ള സാധ്യത ആളുകള്‍ തള്ളിക്കളയുന്നില്ല.ഈ പ്രദേശത്താകെ കഴിഞ്ഞ കുറെ നാളുകള്‍ക്കിടയില്‍ മാത്രം പത്തോളം പശുക്കള്‍ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു.
പ്രദേശത്ത് വര്‍ധിച്ചു വരുന്ന വന്യജീവിയാക്രമണം നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.പകല്‍സമയത്തും വന്യജീവിയാക്രമണം ഉണ്ടായതോടെ തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിച്ചു.വേനല്‍കനക്കുന്നതോടെ വന്യജീവിയാക്രമണം വര്‍ധിക്കുമോയെന്നാണ് ഇവരുടെ ഭീതി.