Share this Article
Union Budget
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു
വെബ് ടീം
posted on 31-10-2024
1 min read
thomas bava

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്.

ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. 

രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി. 2000ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു.

യാക്കോബായ സഭയുടെ രണ്ടാമത്തെ കാതോലിക്കയാണ്. 24 വര്‍ഷം കാതോലിക്കാ പദവി അലങ്കരിച്ചു.

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 നാണ്സി എം തോമസ് എന്ന തോമസ് പ്രഥമന്റെ ജനനം. 95 വയസ് പിന്നിട്ടു. കൗമാരത്തില്‍ പോസ്‌സ്റ്റല്‍ ഡിപാര്‍ട്ടമെന്റില്‍ അഞ്ചലോട്ടക്കാരനായി ജോലി നോക്കി.പരമ്പരാഗതമായി വൈദികരുടെ കുടുംബമാണ് തോമസ്പ്രഥമന്‍ ബാവയുടേത്. കുടുംബത്തിലെ 43 ത്തെ വൈദികനാണ് അദ്ദേഹം. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളി ഇടവകാംഗമാണ്.

1952 ല്‍ പൗലൂസ് മാര്‍ ഫിലക്‌സീനോസ് മെത്രാപ്പാലീത്തയില്‍ നിന്ന്  കടമറ്റം പള്ളിയില്‍ വെച്ച് ശെമ്മാശ പട്ടം ഏറ്റു. 1958 ല്‍ മഞ്ഞനിക്കര ദയാറായില്‍

ഏലിയാസ് മാര്‍ യൂലിയോസ് മെത്രോപ്പോലീത്തയില്‍ നിന്ന് വൈദിക പട്ടം ഏറ്റു. ഇടവക പള്ളിയായ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ്,മൂക്കന്നൂര്‍, വെള്ളത്തൂവല്‍,കിഴുമുറി തുടങ്ങിയ പള്ളികളില്‍ വൈദികനായി സേവനമനുഷ്ടിച്ചു. സഭയുടെ വടക്കേ ഇന്ത്യന്‍ മിഷന്‍, പൗരസ്ത്യ സമാജം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.1967- 1974 കാലയളവില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു. സഭാ തര്‍ക്കത്തിന്റെ മൂര്‍ധന്യ കാലയളവില്‍ 1973 ഡിസംബര്‍ 8ന്  അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1974 ഫെബ്രുവരി 24 ന് ദമാസ്‌കസില്‍ വെച്ച് യാക്കൂബ് തൃതീയന്‍ തോമസ് മാര്‍ ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രോപ്പാലീത്തയായി വാഴിച്ചു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് 604 കേസുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 70 കളുടെ അവസാനം മൂന്ന് മെത്രാപ്പോലീത്തമാരും ചുരുക്കം ഭദ്രാസനങ്ങളും ഉണ്ടായിരുന്ന യാക്കൊബായ സഭയെ

20 ഭദ്രാസനങ്ങളും 30 മെത്രാപ്പോലീത്തമാരും ആയിരത്തില്‍ അധികം വൈദികരുമുള്ള പ്രസ്ഥാനമായി മാറ്റുന്നതില്‍ നിര്‍ണായക നേതൃത്വം നല്‍കി.

സഭയുടെ ആദ്യ കാതേലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയന്‍ കാലം ചെയ്തതിന് പിന്നാലെ 2000 ഡിസംബറില്‍ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ജൂലൈ 26ന് ഇഗ്നാത്യോസ് സഖാ പ്രഥമന്‍ പാത്രീയാര്‍ക്കീസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ സഭയുടെ രണ്ടാമത്തെ കാതോലിക്കയായി വാഴിച്ചു. സഭയുടെ പാത്രിയാര്‍ക്കീസിനെ വാഴിക്കാനുള്ള നിയോഗവും തോമസ് പ്രഥമന് ലഭിച്ചു. 2014 മാര്‍ച്ച് 31 ന് നടന്ന സഭയുടെ ആഗോള സിനഡില്‍ അധ്യക്ഷത വഹിച്ചു. ആ യോഗത്തില്‍ വെച്ച് മാര്‍ അപ്രേം രണ്ടാമനെ പാത്രിയാര്‍ക്കീസായി തെരഞ്ഞെടുത്തു.  2014 മെയ് 29ന് അപ്രേം രണ്ടാമനെ ദമാസ്‌കസില്‍ നടന്ന ചങ്ങില്‍ പാത്രീയാര്‍ക്കീസായി വാഴിച്ചു. 2019ല്‍ മലങ്കര മെത്രോപ്പോലീത്തയുടെ ചുമതല ഒഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസിന്റെ കേരള സന്ദര്‍ശനത്തിനിടെ പുത്തന്‍കുരിശില്‍ നടന്ന പരിപാടിയിലാണ് തോമസ് പ്രഥമന്‍ ബാവ അവസാനമായി പൊതുചടങ്ങില്‍ പങ്കെടുത്തത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories