എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ വാഹനം ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.കുന്നയ്ക്കാൽ സ്വദേശി നന്ദുവാണ് മരിച്ചത്.അപകടത്തെ തുടർന്ന് നന്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.മൂവാറ്റുപുഴ കുന്നയ്ക്കാലിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപത്ത് ട്രാവലർ പാർക്ക് ചെയ്തതിനുശേഷം തിരികെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങി റോഡിലേക്ക് വരുന്നത് കണ്ട് വാഹനത്തിന് അകത്ത് കയറി.
വാഹനത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ നന്ദു സമീപമുള്ള തോട്ടിലേക്ക് വീഴുകയും വാഹനം നന്ദുവിനു മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ നന്ദുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിനടിയിൽ നിന്നും നന്ദുവിനെ പുറത്തെടുക്കാൻ സാധിച്ചില്ല.
തുടർന്ന് ജെസിബി എത്തിയാണ് നന്ദുവിനെ വാഹനത്തിന് അടിയിൽ നിന്നും പുറത്തേടുത്തത്.നാട്ടുകാർ നന്ദുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു .മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.