കോഴിക്കോട്: കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകി. നേരത്തെ അനുമതി നിഷേധിച്ചത് വിവാദമായതിന് പിന്നാലെ വിഷയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടു. തുടർന്ന് കോഴിക്കോട് ജില്ലാ കളക്ടർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. കോഴിക്കോട് ബീച്ചിൽ തന്നെ കോർപ്പറേഷൻ ഓഫീസിന് മുൻവശത്തായി പരിപാടി നടത്താനാണ് തീരുമാനം.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകുന്നേരം 4.30നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു.
വന്‍ ജനാവലിയെ അണിനിരത്തി പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്നാണ് കെ സുധാകരൻ പറഞ്ഞത്. നിരപരാധികളായ പലസ്തീന്‍കാരെയാണ് അവരുടെ മണ്ണില്‍ ഇസ്രയേല്‍ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീന്‍ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.