നിലമ്പൂര്‍ നഗരസഭയുടെ അജൈവമാലിന്യം പാലക്കാട് നഗരത്തില്‍ തള്ളിയ സംഭവത്തില്‍ കരാര്‍ ഏജന്‍സിക്കെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാന്‍ നീക്കം. ജനുവരിയില്‍ കരാര്‍ പുതുക്കുമ്പോള്‍ വിവാദത്തിലായ ഏജന്‍സിയെ മാറ്റിനിര്‍ത്താനാണ് നിലമ്പൂര്‍ നഗരസഭയുടെ തീരുമാനം.
പാലക്കാട് നഗരത്തിലെ തിരുനെല്ലായി തങ്കം ബൈപ്പാസ് എന്നിവിടങ്ങളിലാണ് വഴിനീളെ മാലിന്യം തള്ളിയത്. സംഭവം വിവാദമായതോടെ കരാര്‍ ഏജന്‍സിക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കിതീര്‍ക്കാനൊരുങ്ങുകയാണ് നഗരസഭ. സംഭവത്തില്‍ കരാറെടുത്ത പെരിന്തല്‍മണ്ണ ഭാരതിയാര്‍ അസോസിയേറ്റ്‌സ് ഏജന്‍സിക്കാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും നിലമ്പൂര്‍ നഗരസഭ അധികൃതര്‍ പറയുന്നു.
മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഏജന്‍സിയുടെ നിലവിലുള്ള കരാര്‍ കാലാവധി ജനുവരി 19 വരെയാണ്. കാലാവധികഴിഞ്ഞാല്‍ പുതിയ താല്‍പര്യപത്രം ക്ഷണിക്കും. വഴിയോരത്ത് മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഓരോ തദ്ദേശസ്വയം രണസ്ഥാപനത്തിലും ശേഖരിക്കന്ന മാലിന്യങ്ങളുടെ നീക്കം സംബന്ധിച്ച വാഹനങ്ങളുടെ ജി.പി.എ സ്ട്രാക്കിംഗ്, അന്തിമ സംസ്‌കരണം വരെയുള്ള നിരീക്ഷണം എന്നിവയെല്ലാം അതാത് തദ്ദേശസ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണന്നിരിക്കെ നിലമ്പൂര്‍ നഗരസഭയുടെ വീഴ്ചയില്‍ പ്രതിഷേധം ശക്തമാണ്.