കണ്ണൂര്‍ ബാരാപ്പോളില്‍ പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങളാണ് കൂട്ടുപുഴ പാലത്തിന് സമീപം നിക്ഷേപിക്കുന്നത്.
കൂട്ടുപുഴ പാലത്തിന് സമീപം റോഡരികിലെ പുഴയോരത്തായി കലുങ്കിനടിയിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. പഴശ്ശി ജലസംഭരണിയിലേക്കാണ് ഈ വെള്ളം ഒഴുകി എത്തുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ഈ ജലസംഭരണി. ഇവിടേക്ക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് സാംക്രമിക രോഗങ്ങള്‍ക്കും ഇടയാക്കും.
മാക്കൂട്ടം വനത്തിനുള്ളിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക വനം വകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് മാലിന്യങ്ങള്‍ പുഴയോരത്ത് തള്ളാന്‍ തുടങ്ങിയത്. ഇതിനെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.