പുണ്യനദിയായ ഗംഗ മനുഷ്യ സ്ത്രീയായിരുന്നെങ്കിലോ ? അങ്ങനെയൊരു നിർത്താവതരണം ചിട്ടപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ മലയാളിയായ നൃത്തകി മറീന ആന്റണി.
പരമശിവനോടുള്ള പ്രണയവും വിരഹവും ഭക്തിയും ഒടുവിൽ ഭൂമിയിലേക്ക് പതിക്കുന്ന ഗംഗയും മനുഷ്യജീവിതത്തിന്റെ തിരശീലയിൽ അവതരിപ്പിക്കുകയാണ് നർത്തകി..
ക്ഷമയുടെ, സഹനത്തിന്റെ മാതൃഭാവവും പ്രണയത്തിന്റെ കാമുകീ ഭാവവും ദൈവീകതയുടെ ഭക്തിയും. വിരഹവേദന അനുഭവിക്കുമ്പോഴും മറ്റുള്ളവർക്ക് മോക്ഷത്തിനായി സമർപ്പിതയായി ഒഴുകുന്ന ഗംഗ.
സ്ത്രീകരുത്തിന്റെ കനലായി സാംസ്കാരിക നഗരിയുടെ ഓണനാളിന്റെ ആഘോഷങ്ങളെ സമ്പന്നമാക്കി അരങ്ങിലെ 'ഗംഗ'.
യുവനർത്തകി മറീന ആന്റണിയാണ് 'ഗംഗ'യെന്ന നൃത്തരൂപം അരങ്ങിലെത്തിയത്. ഇന്നലെ വൈകീട്ട് തൃശൂർ സംഗീതനാടക അക്കാദമി റീജ്യണൽ തിയേറ്ററിൽ നിറഞ്ഞ സദസിലായിരുന്നു ഗംഗയുടെ അവതരണം.
മറീന ആന്റണിയുടെ ഒരു ഇടവേളയ്ക്കുശേഷം ഉള്ള കേരളത്തിലെ വേദി കൂടിയായിരുന്നു തൃശൂരിലേത്.
മൂന്നു വയസ്സുള്ളപ്പോൾ നൃത്തപഠനം തുടങ്ങിയതാണ് മറീന. പിന്നീട് കലോത്സവവേദികൾ അടക്കം തിളങ്ങി. അമേരിക്കയിലേക്ക് ചേക്കേറിയ നർത്തകി നൃത്തത്തെ കൈവിട്ടില്ല.
ഒടുവിൽ സ്വന്തം നാട്ടിൽ ഭരതനാട്യത്തിൽ വ്യവസ്ഥാപിത ചുവടുകൾക്കും ഭാവങ്ങൾക്കും മുദ്രകൾക്കും ലളിതമായ രംഗഭാഷ്യമൊരുക്കിയായിരുന്നു ഗംഗയുടെ അവതരണ രീതി.
പ്രമുഖ നൃത്തകലാകാരൻ ആർ.എൽ.വി ആനന്ദ് ഒരുക്കിയ നൃത്തസംവിധാനത്തിനു വരികൾ ചിട്ടപ്പെടുത്തിയത് രാജീവ് ആല്ലുങ്കലാണ്. ഗുരുവായൂർ ഭാഗ്യലക്ഷ്മിയുടേതാണ് സംഗീതവും ആലാപനവും. മുരളി തയ്യിൽ ആണ് വെളിച്ചവും അരങ്ങുമൊരുക്കിയത്.
മറീന ആന്റണിയെ ഗംഗയാക്കിയ വസ്ത്രാലങ്കാരം സുന്ദർമഹാളും മേക്കപ്പ് രാധു ലഷ്ലൈഫും നിർവഹിച്ചു. വിദേശരാജ്യങ്ങളിലെ തിരക്കേറിയ നൃത്തകലാകാരിയായ മറീന ആന്റണി ഇടവേളക്ക് ശേഷമാണ് കേരളത്തിലെ അരങ്ങിലെത്തുന്നത്.
യു.എസിലെ സാംസ്‌കാരിക വേദിയായ മിത്രാസ് ആർട്സ് ആണ് തൃശൂരിലെ ഗംഗയുടെ അവതരണത്തിന് വേദിയൊരുക്കിയത്.