തൃശ്ശൂരിൽ തപാൽ മാർഗ്ഗം കഞ്ചാവ് കടത്തിയ ജിംനേഷ്യം ഉടമ പിടിയിൽ. നെടുപുഴ സ്വദേശി വിഷ്ണു പ്രദീപിനെ കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇയാളുടെ കടയിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിക്ക് അലിയേയും കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിൽ നിന്നും സ്പീഡ് പോസ്റ്റ് വഴി കഞ്ചാവെത്തിച്ച് വാട്ട്സ്ആപ്പ് വഴിയായിരുന്നു വിഷ്ണു കച്ചവടം നടത്തിയിരുന്നത്.
പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍ മാള്‍ എന്ന ഷോപ്പിന്‍റേയും, രണ്ട് ജിംനേഷ്യങ്ങളുടെയും ഉടമയാണ് വിഷ്ണു. തൃശ്ശൂരിലെ വ്യാജ വിലാസത്തിലേക്ക് അസമിൽനിന്ന് മരുന്നുകളെന്ന പേരിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. ഗുവാഹത്തി കസ്റ്റംസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം തൃശ്ശൂരില്‍ പരിശോധന നടത്തിയത്.
സ്പീഡ് പോസ്റ്റായി കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരമാണ് ഗുവാഹത്തിയിലെ എക്സൈസിൽ നിന്നും ലഭിച്ചത്. ഇത് പ്രകാരം നടത്തിയ അന്വേഷണമാണ് കസ്റ്റംസിനെ വിഷ്ണുവിലേക്ക് എത്തിച്ചത്. പോസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ നിന്നാണ് പ്രതിയിലേക്കെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീഡ് പോസ്റ്റിൽ വന്ന പാർസൽ ഡെലിവറി ചെയ്യുന്നത് ആദ്യം തടഞ്ഞു. തുടര്‍ന്ന് ഫോൺ നമ്പർ ഉടമയായ പ്രോട്ടീൻ ഷോപ്പിലെ ജീവനക്കാരനെ കടയിൽ നിന്ന് കൊണ്ടുപോയി പാര്‍സലായി വന്ന പെട്ടി ഏറ്റെടുക്കുകയായിരുന്നു. 4.77കിലോ 'ഗ്രീൻ' എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പെട്ടിയിലുണ്ടായിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.