മനുഷ്യരുടെ കല്യാണ ചടങ്ങുകളോടെ കോട്ടായിൽ ആലിനും ആര്യവേപ്പിനും കല്യാണം നടന്നു. കോട്ടായി പുളിനെല്ലി അഞ്ചുമൂർത്തി ക്ഷേത്രത്തിലാണ് ഈ വേറിട്ട കല്യാണം നടന്നത്. ചടങ്ങിൽ ആലാണ് വരൻ , ആര്യവേപ്പാണ് വധു. കോട്ടായിലെ തന്നെ ഒരു കുടുംബത്തിന്റെ മംഗല്യ സൗഭാഗ്യത്തിന്റെ പ്രാർത്ഥന ഫലമായാണ് പുളിനെല്ലി അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ചടങ്ങ് നടന്നത്. പനാവൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നാദസ്വരത്തിന്റെ അകമ്പടിയോടെ വരനായി സങ്കൽപ്പിക്കുന്ന ആലിന്റെ ഭാഗമായി ദേശക്കാരും,വധുവായി സങ്കൽപ്പിക്കുന്ന ആര്യവേപ്പിന്റെ ഭാഗത്ത് നിന്ന് വഴിപാട് സമർപ്പിച്ച കുടുംബക്കാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
രാവിലെ 7 മണിക്ക് തന്നെ ചടങ്ങുകൾ ആരംഭിച്ചു.താലങ്ങളുമായാണ് ഇരു വിഭാഗത്തെയും സ്വീകരിച്ചത്. ശേഷം വധുവായ ആര്യവേപ്പിന് സ്വർണാഭാരണങ്ങൾ അണിയിക്കലും, പുടവ ഉടുപ്പിക്കൽ ചടങ്ങും നടന്നു. ദേശക്കാർ ചേർന്ന് ആലിന് പുതു വസ്ത്രങ്ങൾ അണിയിച്ചു.ശേഷം വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ നാദസ്വരത്തിന്റെ അകമ്പടിയോടെ ആൽമരം ആര്യവേപ്പിന് താലിചാർത്തി.
ശേഷം കല്യാണ സദ്യയും നടന്നു. ഇത്തരം വിവാഹം നടത്തിയവരുടെ കുടുംബങ്ങൾ തലമുറകളായി സമൃദ്ധിയോടെ വാഴുമെന്നും, ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുമെന്നാണ് വിശ്വാസികൾ പറയുന്നത്.