തന്നെ സൂപ്പർസ്റ്റാറാക്കിയ പി.വി.ജിയുടെ ഓർമ്മകളിൽ വിതുമ്പി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സൂപ്പർ സ്റ്റാർ എന്ന വാക്ക് തൻ്റെ പേരിനോട് ചേർത്ത് വച്ചത് പി.വി. ഗംഗാധരനാണെന്നും അത് ജീവിതത്തിൻ്റെ പുതിയ തുടക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി വി ഗംഗാധരൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം ഗംഗാതരംഗം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളസിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പി.വി.ജി എന്ന പി.വി.ഗംഗാധരനുള്ള സ്മരണാഞ്ജലിയായി ഗംഗാതരംഗം മാറി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചലച്ചിത്ര ശിൽപശാലയിൽ നിർമ്മിച്ച മികച്ച മൈക്രോ മൂവിക്കുള്ള അവാർഡും സുരേഷ് ഗോപി സമ്മാനിച്ചു. തന്നെക്കാൾ ചെറുതായിട്ടുള്ള ആരും ഇല്ല എന്ന് ചിന്തിച്ചിരുന്ന വ്യക്തിയാണ് പിവിജി എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സ്മരിച്ചു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമ്മിച്ച വടക്കൻ വീരഗാഥ സിനിമയുടെ റി റീലിസിൻ്റെ ടീസറും ചടങ്ങിൽ പ്രദർശിപ്പിച്ചു. ചിത്രത്തിൻ്റെ NP റെക്കോർഡ് അബ്ദുൾ സമദ് സമദാനി എം.പി ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് കൈമാറി.
സിനിമാ താരം മച്ചാട്ട് വാസന്തിയ്ക്ക് ധന സഹായവും ചടങ്ങിൽ കൈമാറി. കോഴിക്കോട് മേയർ ബീനാ ഫിലിപ്പിൽ നിന്നും മച്ചാട്ട് വാസന്തിയുടെ മകൾ ഗീത സഹായം ഏറ്റുവാങ്ങി. മാതൃഭൂമി ചെയർമാനും പിവിജിയുടെ ജ്യേഷ്ഠനുമായ പി.വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംവിധായകൻ ജിയോ ബേബി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.വി.നിധീഷ്, പി.വി ഗംഗാധരൻ്റെ ഭാര്യ ഷെറിൻ ഗംഗാധരൻ, മക്കളായ ഷെർഗ, ഷെഗ്ന, ഷെനുഗ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.