ആലപ്പുഴയില്‍ ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. പുലിയൂര്‍ സ്വദേശി സുജിതയെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരില്‍ നിന്നായി ഒരു കോടിയിലേറെ രൂപയാണ് പ്രതി തട്ടിയെടുത്തത്.
ബുധനൂര്‍ സ്വദേശി നല്‍കിയ പരാതിയിന്മേല്‍നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ആയൂര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയാണെന്ന് പറഞ്ഞായിരുന്നു പ്രതി സുജിത, ബുധനൂര്‍ സ്വദേശിയായ സ്ത്രീയെ സമീപിച്ചത്.
ആയുര്‍വേദ ആശുപത്രിയിലോ, കേരളാ വാട്ടര്‍ അതോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് 2023 ഫെബ്രുവരിയില്‍ നാലേകാല്‍ ലക്ഷം രൂപയും വാങ്ങി.
ആയുര്‍വേദ ആശുപത്രി ജീവനക്കാരിയാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ സര്‍വീസ് തിരിച്ചറിയല്‍ ടാഗും യുവതിയെ കാണിച്ചിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് ബുധനൂര്‍ സ്വദേശി പൊലീസില്‍ പരാതി നല്‍കുന്നത്.
നിരവധി പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ പ്രതി കൈപ്പറ്റിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ചെങ്ങന്നൂരിലെ ശക്തി ബില്‍ഡേഴ്സ് എന്ന നിര്‍മാണക്കമ്പനിയുടെ പാര്‍ട്ണറാണ് താനെന്നും കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസും പ്രതി സുജിതയ്‌ക്കെതിരെ ഉണ്ട്. സുജിതയ്‌ക്കെതിരെ ചെങ്ങന്നൂര്‍, വെണ്മണി പൊലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.