Share this Article
ബസിനു മുന്നിലെ വടിവാള്‍ വീശൽ; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്
വെബ് ടീം
posted on 06-07-2024
1 min read
auto-driver-threats-bus-staffs-with-sowrd-police-case-registered

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവർ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെതിരെയാണ് ബസ് ജീവനക്കാരുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കൊണ്ടോട്ടിക്കടുത്ത് പുളിക്കല്‍ മുതല്‍ കൊളത്തൂർ വിമാനത്താവള ജംഗ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്‌റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിക്കുകയുമായിരുന്നെന്ന് ബസ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. 

തൊട്ടടുത്ത സ്റ്റോപ്പായ തലേക്കരയെത്തുന്നതിനു മുമ്പായാണ് ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുണ്ടായത്. കൊളത്തൂരിലെ വിമാനത്താവള ജംഗ്ഷന്‍ വരെ പലതവണ ഇത് ആവര്‍ത്തിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ബസിലുണ്ടായവര്‍ പകര്‍ത്തിയത്.

നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ഷംസുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നതെന്നും പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെന്നും കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കിയ ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നിരുന്നു. ഇന്ന് ബസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories