മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷ് നടതുറക്കും. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. അതേസമയം, ഒരാഴ്ചത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി.
ശരണമന്ത്രങ്ങളുമായി വീണ്ടും ഒരു ശബരിമല തീര്‍ത്ഥാടന കാലത്തിന് തുടക്കമാകുന്നു. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷാണ് ശബരിമല നട തുറക്കുന്നത്.
മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിനായി അവിടത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും.
ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാരാകും ആദ്യം പടി കയറുന്നത്.തുടര്‍ന്ന് ശബരിമല മേല്‍ശാന്തിമാരായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.
ഉച്ചയോടെ ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. പ്രതിദിനം 80,000 പേര്‍ക്കാണ് ദര്‍ശനം സൗകര്യം ഒരുക്കിയിരിക്കുന്നത്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും ബാക്കി സ്‌പോട് ബുക്കിംഗ് ആയിരിക്കും. സ്‌പോട് ബുക്കിങിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും.
അതേസമയം, ഒരാഴ്ചത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. സ്‌പോര്‍ട്ട് ബുക്കിങ്ങില്‍ കൂടുതല്‍ പേര്‍ എത്തേണ്ട അവസ്ഥ വന്നാല്‍ മടക്കി അയക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി കൂടുതല്‍ പേര്‍ക്ക് മലകയറാന്‍ അവസരമൊരുക്കാനും സാധ്യതയുണ്ട്.
നിലവില്‍ ശബരിമല ദര്‍ശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി പതിനൊന്ന് വരെയുമാണ് ദര്‍ശന സമയം. മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലിലും എരുമേലിയിലും അധിക പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.