പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കാസറഗോഡ്,നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളാണ് പൊതുതിരഞ്ഞെടുപ്പ് മാതൃക വിജയകരമായി നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് സംവിധാനവും,ഘട്ടങ്ങളും അടുത്തറിയാൻ ആയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.
ജനാധിപത്യ സങ്കല്പത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് നാലിലാംകണ്ടം ഗവ.യു.പി സ്‌ക്കൂളില്‍ 2024-25 വര്‍ഷത്തെ സ്കൂൾ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.
പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്വേര്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. സ്‌ക്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ബാലറ്റ് ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നോമിനേഷന്‍ സമര്‍പ്പണം, പ്രചരണം, വോട്ടേഴ്‌സ് ലിസ്റ്റ്, പോളിംഗ് ബൂത്ത്, പോളിംഗ് ഏജന്റുമാര്‍ പോളിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ തുടങ്ങിയവയെല്ലാം അതേപടി പകര്‍ത്തിയുള്ള ഒരു തെരഞ്ഞെടുപ്പ്. തിരഞ്ഞെുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികളുടെ സംവാദവും നടത്തി.
തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ഓരോ വോട്ടര്‍മാരെയും അകത്തു കടത്തിവിട്ടത്. വോട്ടര്‍ അകത്തെത്തിയാല്‍ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒത്തുനോക്കിയ ശേഷമാണ് വോട്ടറുടെ വിരലില്‍ മഷി പുരട്ടിയത്.
തുടര്‍ന്ന് വോട്ട് ചെയ്യാന്‍ മെഷീനിനടുത്തേക്ക്.. അവിടെ സജ്ജീകരിച്ച മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും പേരും ചിഹ്നവും. ഇഷ്ട സ്ഥാനാര്‍ത്ഥിക്കു നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ബീപ് ശബ്ദം.
തിരഞ്ഞെടുപ്പിലൂടെ, സ്‌ക്കൂള്‍ ലീഡറായി പി.വി അഭിരാമിനെയും, ഡെപ്യൂട്ടി സ്‌ക്കൂള്‍ ലീഡറായി എ.വൈഗ മനോജിനെയും തിരഞ്ഞെുത്തു. പൊതു തെരഞ്ഞെടുപ്പിന് അടുത്തറിയാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും..