കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലൻ അറസ്റ്റിൽ. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലനെ ഇപ്പോൾ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ ഇന്നലെ വൈകിട്ട് 7.45ന് കുത്തിക്കൊന്നത്. ഇതിനു ശേഷം ഒളിവിലിരുന്ന വീട്ടിലെത്തി അലൻ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. അലന്റെ വീടിനടുത്തു തന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലൻ പറയുന്നുണ്ട്. എന്നാൽ ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താൻ നോക്കിയതാണോ തെറ്റ് എന്ന രീതിയിൽ ബിനോയിയും സംസാരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ് ചികിത്സിച്ചെന്ന് അലൻ പറയുന്നുണ്ട്. കുറച്ചു നാളുകളായി അലന്റെ ഭാഗത്തു നിന്ന് ബിനോയിക്ക് ഭീഷണി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. തന്നെ െകാല്ലുമെന്ന് പറഞ്ഞ് അലൻ നടപ്പുണ്ടെന്ന് ബിനോയി സുഹൃത്തുക്കളോട് പറയുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്.