നൂറ് കണക്കിന് മാമ്പഴങ്ങളുടെ രുചി അറിയണമെങ്കിൽ കൊച്ചി മറൈൻ ഡ്രൈവിലെ അന്താരാഷ്ട്ര മാംഗോ ഫെസ്റ്റിവെല്ലിലേക്ക് പോകാം. നാടൻ മൂവാണ്ടൻ മാങ്ങ മുതൽ 2400 രൂപ വില വരുന്ന ഹിമായുദ്ധീൻ വരെ ഇവിടെ കിട്ടും. 19-ാം തീയതി വരെയാണ് ഫെസ്റ്റിവെൽ.
മയിൽപീലി, കിളിമൂക്ക്, കോലാപാടി, കാലാപാടി, ഹിമാപസന്ത്, ബംഗനപ്പള്ളി, കല്ല് കെട്ടി.. അങ്ങനെ നീളുന്നു പേരുകൾ. ഓരോന്നിനും ഓരോ രുചികൾ. എല്ലാത്തിൻ്റെയും സ്വാദറിയാം.. ആവശ്യമുള്ളത് വാങ്ങാം. രാവിലെ 11 മണി മുതലാണ് പ്രവേശനം. 100 രൂപ ടിക്കറ്റ് നിരക്ക്.
ഗ്രീൻ എർത്ത് ഫാം ആണ് തുടർച്ചയായ 10-ാം വർഷവും മാംഗോ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് ദിവസേനെ മേളയിലേക്ക് എത്തുന്നത്.മാമ്പഴം മാത്രമല്ല മറ്റ് പലതരം സ്റ്റാളുകൾ ഇവിടെയുണ്ട്. ഒപ്പം കുടുംബശ്രീ വക പായസവും, കുറച്ച് ഉപ്പിലിട്ടതും. എല്ലാം കഴിഞ്ഞ് മേളയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ തൈകൾ വാങ്ങി ഒരു മാമ്പഴക്കാലത്തെയും കൂടെ കൂട്ടാം.