അന്തർജില്ലാ വാഹന മോഷ്ടാക്കളായ മൂന്ന് പേര്‍ തൃശ്ശൂര്‍ വിയ്യൂര്‍ പോലീസിന്‍റെ പിടിയിലായി..മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അൽത്താഫ് , കിഴക്കേക്കര സ്വദേശി അക്ഷയ്, പ്രായ പൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്..വിയ്യൂർ എസ്.എച്ച്.ഒ ബൈജു കെ സി യുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്.
വിയ്യൂര്‍ സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ സെപ്തംബറില്‍ ഒരു ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പിടിയിലായവര്‍ നേരത്തെയും നിരവധി ബൈക്ക് മോഷണ കേസുകളിലെ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് കണ്ടെത്തിയത്.
പ്രതികൾ കഞ്ചാവും മയക്കു മരുന്നുകളും സ്ഥിരമായി ഉപയോഗിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. മോഷ്ടിച്ച ബെെക്കുകളില്‍ കറങ്ങി നടന്ന് രാത്രി വഴിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും പെട്രോൾ മോഷ്ടിക്കുകയും, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ബാഗും മൊബൈൽ ഫോണുകളും മറ്റും മോഷ്ടിക്കുന്നതുമാണ് ഇവരുടെ രീതി.
മോഷ്ടിച്ച ബൈക്കുകൾ പേപ്പർ ഇല്ലാത്ത വാഹനമാണെന്ന് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തി ലഹരി ഉപയോഗത്തിനും ആർഭാടത്തിനും വേണ്ടി പണം കണ്ടെത്തുകയാണ് സംഘം ചെയ്തിരുന്നത്. പ്രതികള്‍ വിയ്യൂരിലെ ബെെക്ക് മോഷ്ടിച്ചതിന്‍റെ തലേ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു ബെെക്കും മോഷ്ടിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ പിടികൂടിയത്.. പ്രതികൾ മോഷ്ടിച്ച രണ്ട് ബൈക്കുകളും പോലീസ് വീണ്ടെടുത്തു. എഎസ് ഐ ജോമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ പി സി, ടോമി വൈ, മുഹമ്മദ് ഷാഫി, ഹോം ഗാർഡ് തോമസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.