തൃശൂരിൽ പുലിക്കളിയും കുമ്മാട്ടിയും നടത്താൻ കോർപ്പറേഷന്റെ തീരുമാനം. മുൻവർഷം അനുവദിച്ച ധനസഹായവും സംഘങ്ങൾക്ക് നൽകും. തദ്ദേശസ്വയംഭരണ വകുപ്പ് പുലിക്കളി നടത്താൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ്റെ നടപടി.
കൗൺസിൽ യോഗത്തിൽ പുലിക്കളി നടത്തണമെന്ന് ആവശ്യപ്പെട്ട് പുലിക്കളിയുടെ മുഖംമൂടി ധരിച്ചാണ് ബിജെപി കൗൺസിലർമാർ എത്തിയത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുലിക്കളി ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ മാറ്റിവയ്ക്കാൻ തൃശ്ശൂർ കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ധനനഷ്ടം ഉണ്ടാകുമെന്ന് കാണിച്ച് പുലിക്കളി - കുമ്മാട്ടി സംഘങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതോടെ മേയറുടെ കത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുലിക്കളിക്ക് അനുമതി നൽകുകയായിരുന്നു. മുൻവർഷത്തെ ധനസഹായത്തോടുകൂടി പുലിക്കളി നടത്താനാണ് ഇന്നു ചേർന്ന കൗൺസിലിലെ തീരുമാനം. ഇന്നു വൈകുന്നേരം പുലിക്കളി സംഘങ്ങളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
ഇതിൽ സംഘാടനം സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും. പുലിക്കളി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ദ്രുതഗതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സംഘങ്ങളുടെ ആവശ്യം..കുമ്മാട്ടിക്ക് ധനസഹായം നൽകാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടിയെ തൃശ്ശൂർ ജില്ല കുമ്മാട്ടി കൂട്ടായ്മ സ്വാഗതം ചെയ്തു.
ഇന്നു ചേരുന്ന യോഗത്തിൽ വിപുലമായി പരിപാടി സംഘടിപ്പിക്കാൻ ആണ് തീരുമാനമെങ്കിൽ അധികധന സഹായം നൽകുന്നതും കോർപ്പറേഷന്റെ പരിഗണനയിലാണ്.