പന്തളം: ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയിൽനിന്നുപോയ ഭർത്താവിനെ കാണാതായി.അതേ സമയം ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി.കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു. തുടർന്ന്, പോലീസും അഗ്നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപം തിരച്ചിൽ തുടങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുളനട വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ലിജി (അമ്മു-25)യെ വീടിന്റെ മുകളിലെ നിലയിലുള്ള കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അരുൺ ബാബുവാണ്, ലിജിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വെണ്മണി, പന്തളം, ഇലവുംതിട്ട പോലീസ് ചേർന്നാണ് അന്വേഷണം. അരുൺ ആറ്റിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം.
നേരത്തേ ഗൾഫിലായിരുന്ന അരുൺ ബാബു ഇപ്പോൾ ലോറിഡ്രൈവറായി ജോലിചെയ്യുകയാണ്. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മകൾ: ആരോഹിണി (ഒന്നര വയസ്സ്).