തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ വച്ച് ജ്യേഷ്ടാനുജന്മാർ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വെട്ടേറ്റ് അനുജൻ മരിച്ചു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റ സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തിൽ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം.
ചന്ദ്രമണി, സത്യൻ, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു.ചന്ദ്രമണിയുടെ ഭാര്യ ലീലക്കും പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.